11:40pm 06 November 2026
NEWS
ജുവനൈൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; നിയമത്തിൽ ഭേദഗതിക്ക് കേന്ദ്രത്തെ സമീപിക്കും: രമേശ് ചെന്നിത്തല
06/11/2026  09:17 PM IST
nila
ജുവനൈൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നു; നിയമത്തിൽ ഭേദഗതിക്ക് കേന്ദ്രത്തെ സമീപിക്കും: രമേശ് ചെന്നിത്തല

 

തിരുവനന്തപുരം: സംസ്ഥാനത്ത് ജുവനൈൽ കുറ്റകൃത്യങ്ങൾ വർധിച്ചുവരുന്നത് അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. ജുവനൈൽ നിയമത്തിന്റെ ആനുകൂല്യം ഉപയോഗിച്ച് ഗുരുതര കുറ്റകൃത്യങ്ങൾ ചെയ്യുന്നവർ ശിക്ഷയിൽനിന്ന് രക്ഷപ്പെടുന്ന സാഹചര്യം അനുവദിക്കാനാവില്ലെന്നും നിയമത്തിൽ ആവശ്യമായ ഭേദഗതികൾ കൊണ്ടുവരാൻ കേന്ദ്ര സർക്കാരിനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജുവനൈൽ കുറ്റകൃത്യങ്ങൾക്കൊപ്പം മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു.

18 വയസ് തികയാത്തവർ കൊലപാതകം ഉൾപ്പെടെയുള്ള ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന സംഭവങ്ങൾ വർധിക്കുന്നത് ആശങ്കാജനകമാണ്. 2000-ൽ നിലവിൽ വന്ന ജുവനൈൽ ജസ്റ്റിസ് നിയമത്തിൽ പിന്നീട് നിരവധി ഭേദഗതികൾ ഉണ്ടായിട്ടുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ കൂടുതൽ മാറ്റങ്ങൾ ആവശ്യമാണെന്ന അഭിപ്രായം ശക്തമാണെന്ന് ചെന്നിത്തല പറഞ്ഞു.

2016-ലെ നിയമപരമായ വ്യവസ്ഥകൾ പ്രകാരം ക്രൂരമായ കൊലപാതകത്തിന് ഏഴുവർഷം വരെ തടവ് ലഭിക്കാമെന്നും മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് അഞ്ചുവർഷം വരെ തടവാണ് വ്യവസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഏഴുവർഷം തടവ് ലഭിക്കാവുന്ന കുറ്റങ്ങളിൽ ജാമ്യം ലഭിക്കില്ലെന്നും മന്ത്രി വിശദീകരിച്ചു.

ചേരാനല്ലൂർ കേസിൽ മനഃപൂർവമല്ലാത്ത നരഹത്യയെന്ന കോടതി നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതിക്ക് ജാമ്യം ലഭിച്ചതെന്നാണ് മന്ത്രിയുടെ വിശദീകരണം. എന്നാൽ തിരുവനന്തപുരത്ത് 17, 18 വയസുള്ളവർ ചേർന്ന് മറ്റൊരു 17 വയസുകാരനെ കൊലപ്പെടുത്തിയ സംഭവം ഞെട്ടിക്കുന്നതാണ്. പ്രായപൂർത്തിയാകാത്തവരാണെന്ന ആനുകൂല്യം ഉപയോഗിച്ച് കുറ്റവാളികൾക്ക് നിയമനടപടികളിൽനിന്ന് ഒഴിഞ്ഞുമാറാൻ കഴിയുന്ന സാഹചര്യം പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കൊലപാതകങ്ങൾക്കു പുറമേ മദ്യപിച്ച് വാഹനമോടിച്ച് അപകടങ്ങളുണ്ടാക്കുന്നതിലും പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്നുണ്ട്. ഇത്തരം സംഭവങ്ങളിൽ ആളുകൾക്ക് ജീവൻ നഷ്ടപ്പെടുന്ന സാഹചര്യവും ഗൗരവമായി കാണണം. ജുവനൈൽ ജസ്റ്റിസ് നിയമം കേന്ദ്ര നിയമമായതിനാൽ സംസ്ഥാന സർക്കാരിന് നേരിട്ട് ഭേദഗതി വരുത്താൻ പരിമിതികളുണ്ട്. അതിനാൽ നിയമവിദഗ്ധരുമായി ചർച്ച നടത്തി ആവശ്യമായ നിർദേശങ്ങൾ കേന്ദ്രത്തിന് സമർപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

മദ്യപിച്ച് വാഹനമോടിച്ചാൽ ലൈസൻസ് റദ്ദാക്കും

മദ്യപിച്ചും ലഹരി ഉപയോഗിച്ചും വാഹനമോടിക്കുന്നവർക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി വ്യക്തമാക്കി. കാൽനടയാത്രക്കാരുടെയും ഇരുചക്രവാഹന യാത്രക്കാരുടെയും സുരക്ഷ സംബന്ധിച്ച് ഹൈക്കോടതി നടത്തിയ നിരീക്ഷണങ്ങളെ സ്വാഗതം ചെയ്ത അദ്ദേഹം, നാലുദിവസത്തെ പരിശോധനയിൽ മാത്രം 15,000-ത്തോളം ഡ്രങ്ക് ആൻഡ് ഡ്രൈവിങ് കേസുകൾ രജിസ്റ്റർ ചെയ്തതായും അറിയിച്ചു.

മദ്യപിച്ച് വാഹനമോടിക്കുന്നവരുടെ ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുന്നതിനായി ഗതാഗത മന്ത്രിയുമായും മോട്ടോർ വാഹന വകുപ്പ് അധികൃതരുമായും ചർച്ച നടത്തിയിട്ടുണ്ട്. റോഡപകടങ്ങൾ കുറയ്ക്കാനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനുമാണ് നടപടികളെന്നും അദ്ദേഹം പറഞ്ഞു.

ഗ്യാനേഷ് കുമാറിനെതിരായ വിജിലൻസ് അന്വേഷണം ആരംഭിച്ചു

പി.ഡബ്ല്യു.ഡി. സെക്രട്ടറിയായിരുന്ന കാലത്ത് എം.സി. റോഡ് നിർമാണവുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിയായ പതിബലും കേരളത്തിലെ ഒരു കമ്പനിയും ഉൾപ്പെട്ട കൺസോർഷ്യം നടത്തിയതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളിലാണ് അന്വേഷണം. ഇതുസംബന്ധിച്ച് സാജൻ എന്ന വ്യക്തി നൽകിയ വിശദമായ പരാതി വിജിലൻസിന് കൈമാറിയതായി ചെന്നിത്തല അറിയിച്ചു.

നിർമാണവുമായി ബന്ധപ്പെട്ട ബില്ലുകൾ തടഞ്ഞുവെച്ചതിനെത്തുടർന്ന് സാമ്പത്തിക പ്രതിസന്ധിയുണ്ടാകുകയും ജീവനക്കാർക്ക് ശമ്പളം നൽകാൻ കഴിയാതെ വരികയും ചെയ്തുവെന്നാണ് പരാതിയിലെ ആരോപണം. ഇതേത്തുടർന്ന് മലേഷ്യൻ പ്രോജക്ട് എൻജിനീയർ ലീ ആത്മഹത്യ ചെയ്ത സംഭവത്തിലും അന്വേഷണം വേണമെന്ന് പരാതിക്കാരൻ ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രിവൻഷൻ ഓഫ് കറപ്ഷൻ ആക്ടിലെ സെക്ഷൻ 17എ പ്രകാരമുള്ള അന്വേഷണാനുമതി സർക്കാരും മുഖ്യമന്ത്രിയും ചേർന്ന് നൽകിയിട്ടുണ്ട്. വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയുടെ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ യൂണിറ്റ് (SIU-1), ഡിവൈ.എസ്.പി. ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.

അതേസമയം, മുട്ടിൽ മരംമുറി കേസിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മന്ത്രി ഷിബു നൽകിയ കത്ത് ലഭിച്ചതായും ചെന്നിത്തല സ്ഥിരീകരിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെതിരെ സമൂഹമാധ്യമങ്ങളിൽ വന്ന പോസ്റ്റുമായി ബന്ധപ്പെട്ട് കെ.പി.സി.സി. പ്രസിഡന്റ് നിരുപാധികം മാപ്പ് അപേക്ഷിച്ചിട്ടുണ്ടെന്നും കോടതിയെ അപമാനിക്കുന്ന നിലപാട് കോൺഗ്രസ് പാർട്ടിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img